10:51pm 09 November 2026
NEWS

ഇറാനിൽ ചാരവൃത്തി ആരോപിച്ച് ആളുകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു

17/06/2025  11:21 AM IST
nila
 ഇറാനിൽ ചാരവൃത്തി ആരോപിച്ച് ആളുകളെ കൂട്ടത്തോടെ അറസ്റ്റ് ചെയ്യുന്നു

ഇറാൻ - ഇസ്രയേൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിൽ ചാരവൃത്തി ആരോപിച്ച് നിരവധിപേർ അറസ്റ്റിൽ. ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിനായി പ്രവർത്തിക്കുന്നു എന്നാരോപിച്ചാണ് ഇറാനിൽ നിരവധി ആളുകളെ അധികൃതർ അറസ്റ്റ് ചെയ്തത്. മൊസദ് ഇറാനിൽ കടന്നുകയറി ഡ്രോൺ താവളം സ്ഥാപിച്ചെന്നും ഇറാനിൽ നിന്നാണ് ഇറാനെതിരെ തങ്ങൾ വ്യോമാക്രമണം നടത്തിയത് എന്നും ഇസ്രയേൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് ചാരന്മാർക്കായി ഇറാൻ തെരച്ചിൽ ശക്തമാക്കിയത്.  

വെള്ളിയാഴ്ച മുതൽ ഇതുവരെ 28 പേർ ചാരവൃത്തി ആരോപിക്കപ്പെട്ട് ഇറാനിൽ അറസ്റ്റിലായെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രണ്ടുവർഷം മുൻപ് ചാരവൃത്തിക്കേസിൽ അറസ്റ്റിലായ ഒരാളെ അപ്രതീക്ഷിതമായി തൂക്കിലേറ്റുകയും ചെയ്തിരുന്നു. മൊസാദിനായി ചാരവൃത്തി നടത്തിയ ഇസ്മയിൽ ഫെക്രി എന്നയാളെയാണ് വധശിക്ഷക്ക് വിധേയനാക്കിയത്. തിങ്കളാഴ്ച്ച രാവിലെയാണ് ഇയാളെ തൂക്കിലേറ്റിയത്. 

സയണിസ്റ്റ് ആശയങ്ങളെയും ഇസ്രയേലിനെയും പിന്തുണയ്ക്കുന്ന പോസ്റ്റുകൾ പങ്കുവെയ്ക്കുന്നവരെയും ഇറാനിൽ വ്യാപകമായി കസ്റ്റഡിയിലെടുക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സമൂഹത്തിന്റെ മാനസികമായ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ആരോപിച്ചാണ് ഈ നടപടി. ഇറാനിലെ ആണവകേന്ദ്രം സ്ഥിതിചെയ്യുന്ന ഇസ്ഫഹാൻ മേഖലയിൽനിന്ന് മാത്രം ഇത്തരത്തിൽ 60-ഓളം പേരെ അറസ്റ്റ് ചെയ്തതായും റിപ്പോർട്ടുകളിൽ പറയുന്നു.

മുഖംമൂടികളോ കൂളിങ് ഗ്ലാസുകളോ ധരിച്ച അപരിചിതരെയും വലിയ ബാഗുകൾ സഹിതം പിക്കപ്പ് വാഹനങ്ങൾ ഓടിച്ചുപോകുന്നവരെയും കണ്ടാൽ ജാഗ്രത പാലിക്കണമെന്നാണ് രഹസ്യാന്വേഷണ മന്ത്രാലയത്തിന്റെ നിർദേശം. സൈനികത്താവളങ്ങൾ, വ്യവസായിക, ജനവാസമേഖലകൾ എന്നിവയുടെ സമീപത്ത് വീഡിയോ ചിത്രീകരിക്കുന്നവരെക്കുറിച്ച് വിവരങ്ങൾ കൈമാറണമെന്നും നിർദേശമുണ്ട്. വീടുകളിൽനിന്ന് അസാധാരണ ശബ്ദങ്ങളോ മറ്റോ കേട്ടാൽ വിവരം കൈമാറണമെന്നും പകൽസമയത്തുപോലും കർട്ടനിട്ട് മറച്ച വീടുകളെക്കുറിച്ച് അറിയിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img